എന്റെ അതിരാണിപ്പാടം

പണ്ട് സ്കൂളിൽ വേനലവധി കഴിഞ്ഞെത്തുമ്പോൾ കൂട്ടുകാർക്ക് പറയാൻ നിറയെ കഥകൾ ഉണ്ടാകും. അവധിക്ക് നാട്ടിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ താമസിക്കാൻ പോയ വിശേഷങ്ങൾ. ഓടിട്ട വീട്, കിണർ, കുളം, പറമ്പിലെ തേന്മാവും ചക്കരപ്ലാവും, തൊട്ടടുത്ത് കുറെ പാടങ്ങൾ, തോട്, പുഴ, അങ്ങനെ എന്തെല്ലാം!

തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് ജനിച്ചു വളർന്ന ഞാൻ ഇതൊക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്റെ അമ്മയുടെ വീട് ഞങ്ങളുടെ വീടിന്റെ തൊട്ടുപുറകുവശത്താണ്. അച്ഛന്റെ വീടാണെങ്കിൽ കാറിൽ പോയാൽ ഒരു പത്ത് മിനിറ്റ് ദൂരം. രണ്ടു വീടും ഓടിട്ടവയുമല്ല.

എന്റെ കൂട്ടുകാരുടെ കഥകളിൽ, അവർ കുളത്തിലേക്ക് ചാടിക്കുളിച്ചതും, ചിലപ്പോൾ കിണറ്റിന്റെ കരയിൽ നിന്ന് കുളിച്ചതും, പാടവരമ്പത്തുകൂടി ഓടി അമ്പലത്തിൽ പോയതും, തേന്മാവിൻ കൊമ്പത്തെ ഊഞ്ഞാലിൽ ആടിയതുമൊക്കെ ഉണ്ട്.

ഒരു ദിവസം അവർ കുളിച്ചപ്പോൾ സോപ്പ് കിണറ്റിൽ വീണത്രേ! എന്റെ അച്ഛന്റെ വീട്ടിൽ ഒരു കിണർ ഉണ്ടായിരുന്നെങ്കിലും കുളിമുറിയിലേക്ക് ഒക്കെ അന്നേ അവർ പൈപ്പ് കണക്ഷൻ എടുത്തിരുന്നു. ഞങ്ങൾ അന്ന് ‘ചന്ദ്രിക’ സോപ്പാണ് ഉപയോഗിച്ചിരുന്നത്. എന്റെ അമ്മയെ വീട്ടിൽ വിളിക്കുന്ന പേരും അതുതന്നെ. അതുകൊണ്ട് ഞാൻ വലുതാകുമ്പോൾ എന്റെ വീട്ടിലെ സോപ്പിന്റെ പേര് ‘മിനീദ’ എന്നായിരിക്കുമെന്ന് നഴ്സറി ക്ലാസ്സിലെ ഞാൻ വിചാരിച്ചിരുന്നു.

വേനലവധിക്ക് എനിക്കും മറ്റുള്ളവരെപ്പോലെ ‘നാട്ടിൽ’ പോകാനായി, എന്റെ അപ്പൂപ്പനോടും അമ്മൂമ്മയോടും കുറച്ചു ദൂരെ എവിടെയെങ്കിലുമുള്ള ഒരു ഓടിട്ട വീട്ടിൽ പോയി താമസിക്കാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അവർ എന്ത് ഉത്തരം പറഞ്ഞു എന്നൊന്നും ഓർമ്മയില്ല… ചിരിച്ചത് മാത്രം ഓർക്കുന്നു.

കൂട്ടുകാർ പറഞ്ഞു അവരുടെ വീടിനും ഒരു പേരും ഉണ്ടെന്ന്! ഞങ്ങളുടെ വീട്ടിന് പേരില്ല, വെറുമൊരു ടി.സി. നമ്പർ മാത്രമേ ഉള്ളൂ. ഞാൻ വായിച്ചിരുന്ന പുസ്തകങ്ങളിലെ മിക്ക എഴുത്തുകാരുടെയും വീടുകൾക്ക് നല്ല ഭംഗിയുള്ള പേരുകളുണ്ടാകുമായിരുന്നു; നാലപ്പാട്ട്, പൊറ്റെക്കാട്ട് എന്നിങ്ങനെ. അവരുടെയെല്ലാം ബാല്യകാലം മനോഹരങ്ങളായ ഗ്രാമങ്ങളിലുമായിരുന്നു. മറ്റു ചിലരുടെ പേരിന്റെ കൂടെ ‘അമ്മ’ എന്നോ ‘അന്തർജനം’ എന്നോ ‘കുട്ടി’ എന്നോ ഒക്കെ ഉണ്ടാകും. എനിക്ക് അതൊന്നും അവകാശപ്പെടാനില്ല.

എനിക്കെന്തോ എഴുത്തുകാരോട് വലിയ ഇഷ്ടമായിരുന്നു… ഇപ്പോഴും. പപ്പ നന്നായി എഴുതുമായിരുന്നു.

എസ്. കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’യിലെ ‘അതിരാണിപ്പാടം’ പോലത്തെ ഒരു നാട്ടിൽ എനിക്കും എന്നെങ്കിലും ഒരു ഓടിട്ട വീട് കിട്ടിയാൽ ഞാൻ അതിനൊരു പേരിടും.

അങ്ങനെ തൊടി നിറയെ തേന്മാവും,ചക്കരപ്ലാവും, പിന്നെ ഒരു കിണറും, ചെറിയൊരു കുളവുമുള്ള ഓടിട്ട വീട് ഞാൻ സ്വപ്നം കണ്ടുതുടങ്ങി. മലയാള സിനിമകളിൽ കാണുന്നതുപോലെ, അടുത്ത് ഒരു പാടവും, പാടത്തിന് അക്കരെ ദൂരെയായി ഒരു അമ്പലവും വേണം. എന്നിട്ട് എനിക്കും പാടവരമ്പത്തുകൂടി നടന്ന് അമ്പലത്തിൽ പോകണം. തേന്മാവിൽ ഊഞ്ഞാലും ഇടണം.

പക്ഷേ കാലം, കൊച്ചു കേരളത്തിന്റെ തലസ്ഥാനത്തു നിന്നും എന്നെ എന്റെ സ്വപ്നങ്ങളോടൊപ്പം ബാംഗ്ലൂരിലേക്ക് പറിച്ചുനട്ടു — അല്ല, കല്യാണം കഴിപ്പിച്ച് വിട്ടു. അതിനുശേഷം ഏഴു കടലിനക്കരെ. ഇതിനിടയിൽ ഞാൻ ഒരു അമ്മയായി, പിന്നെ അതിന്റെ തിരക്കുകളായി.

കുറച്ചു വർഷങ്ങൾക്ക് ശേഷം കുടുംബസമേതം വീണ്ടും നാട്ടിലേക്ക് വന്നു. അന്നൊക്കെ കാറിൽ ദൂരെ യാത്ര ചെയ്യുമ്പോൾ ഗ്രാമക്കാഴ്ചകൾക്കായി NH വിട്ട് ചിലപ്പോഴൊക്കെ ഇടവഴികളിലൂടെ പോകുമായിരുന്നു—ടോൾ ലാഭവും കിട്ടി! എങ്കിലും വേഗത കുറയും എന്ന് പറഞ്ഞ് സഹയാത്രികർ ദേഷ്യപ്പെടും. പോകുന്ന വഴിയിലെ കാഴ്ചകൾ കാണാതെ വേഗത്തിൽ പോയിട്ടെന്ത് കാര്യം?

പിന്നീട് കുട്ടികൾ സ്കൂളിൽ നിന്ന് തിരിച്ചുവരുമ്പോൾ എന്നെ കണ്ടില്ലെങ്കിലും വിഷമിക്കില്ല എന്നായപ്പോൾ ഞാൻ ടെക്നോപാർക്കിൽ ജോലിക്ക് കയറി. പകലും രാത്രിയും തിരിച്ചറിയാതെ ജീവിതം ഒഴുകി — ആ ഒഴുക്കിലും എന്റെ ആ സ്വപ്നം ഒരു കച്ചിത്തുരുമ്പായി കൂടെയുണ്ടായിരുന്നു.

അങ്ങനെ ഒഴുകുന്നതിനിടയിൽ ഒരു വാരാന്ത്യത്തിൽ കലാമണ്ഡലത്തിന്റെ അടുത്തോ ഒറ്റപ്പാലത്തോ എന്റെ സങ്കൽപ്പത്തിലുള്ളതുപോലത്തെ വീടുകൾ വിൽക്കാനുണ്ടോ എന്ന് ഞാൻ ഓൺലൈനിൽ നോക്കി. അവിടെനിന്നും കിട്ടിയ ഒരു ബ്രോക്കറെ വിളിച്ച് എന്റെ ആവശ്യങ്ങൾ പറഞ്ഞു: ബസ് റൂട്ട് ആകരുത്, മാർബിൾ ഫ്ലോറിങ് ആകരുത് — റെഡ് ഓക്സൈഡ് ആയിരിക്കണം, കിണറും കുളവുമുള്ള, നെൽപ്പാടങ്ങൾ അടുത്തുള്ള നല്ല ഗ്രാമീണഭംഗിയുള്ള ഒരു ഓടിട്ട വീടായിരിക്കണം. ഫോണിന്റെ മറുതലയ്ക്കൽ പൂർണ്ണ നിശബ്ദത. ഒന്നുരണ്ട് നിമിഷങ്ങൾക്ക് ശേഷം “ഞങ്ങൾ നോക്കാം, കിട്ടിയാൽ അറിയിക്കാം.” എന്ന് പറഞ്ഞിട്ട് അയാൾ ഫോൺ കട്ട് ചെയ്തു.

ആഴ്ചകൾ കടന്നുപോയി. ഞാൻ ഒന്നുകൂടി വിളിച്ചു. ഒരാൾ ഫോൺ എടുത്തിട്ട് അടുത്തിരുന്നയാളോട് പറഞ്ഞു: “ദേ, തിരുവനന്തപുരത്തു നിന്നും ആ ‘ഗ്രാമീണഭംഗി’ വീണ്ടും വിളിക്കുന്നുണ്ട് , എന്താ പറയേണ്ടത്?”

പിന്നെ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ, ഒരു ദിവസം രാവിലെ പ്രധാനപ്പെട്ട ഒരു പ്രൊജക്റ്റ് മീറ്റിംഗിനിടയിൽ വന്ന ബ്രോക്കറുടെ കോൾ പിന്നീട് തിരിച്ചുവിളിച്ചപ്പോൾ ഒറ്റപ്പാലത്ത് എന്റെ സ്വപ്നത്തിലേതുപോലെ വീടുകളുണ്ടെന്ന സന്തോഷവാർത്തയാണ് കേട്ടത്.

പക്ഷേ അടുത്ത ദിവസം കമ്പനി എന്നോട് ഒരു മാസത്തേക്ക് ജർമ്മനിയിലെ ഹാനോവറിലേക്ക് പോകാൻ ആവശ്യപ്പെട്ടു. മക്കളെ പിരിഞ്ഞിരിക്കാനുള്ള വിഷമവും ഒറ്റപ്പാലം വീട് കൈവിട്ടുപോകുമോ എന്ന ആശങ്കയും മനസ്സിൽ നിറഞ്ഞുനിൽക്കേ, മനസ്സില്ലാമനസ്സോടെ ഞാൻ ആ യാത്രയ്ക്ക് തയ്യാറായി.

എന്നാൽ മ്യൂണിക്കിൽ വിമാനം ഇറങ്ങുമ്പോഴും അവിടെനിന്ന് ഹാനോവറിലേക്ക് പറന്നുയരുമ്പോഴും ജനാലയിലൂടെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. നാട്ടിലെ നെൽപ്പാടങ്ങളെ ഓർമ്മിപ്പിക്കുന്നതുപോലെ പച്ചവിരിച്ചു കിടക്കുന്ന വലിയ ഗോതമ്പുപാടങ്ങളും, മഞ്ഞപ്പരവതാനി പോലെ റാപ്സീഡ് പാടങ്ങളും, അതിനിടയിൽ ഭംഗിയുള്ള ഓടിട്ട വീടുകളും! എന്റെ സ്വപ്നം എന്റെ കൂടെ വന്നോ? എന്റെ ‘അതിരാണിപ്പാടം’ ജർമ്മനിയിൽ!

ഹാനോവറിൽ നിന്നും ഒരു മാസം കഴിഞ്ഞ് നാട്ടിലെത്തിയുടൻ തന്നെ അവരെ വിളിച്ചു. ഒരു മാസത്തിലേറെയായി വിളിക്കാത്തതിനാൽ എനിക്ക് താല്പര്യമില്ല എന്ന് അവർ വിചാരിച്ചത്രേ!

പിന്നെ ഒട്ടും താമസിപ്പിക്കാതെ അതിനടുത്ത ആഴ്ച തന്നെ കുടുംബസമേതം ഒറ്റപ്പാലത്തേക്ക് പോയി. ബ്രോക്കർമാർ കാണിച്ചുതന്ന ആദ്യത്തെ വീട് കണ്ടപ്പോൾ തന്നെ വല്ലാത്തൊരിഷ്ടം തോന്നി. പാടത്തിന്റെ അടുത്ത് ഒരു കൊച്ചുവീട്. ഇതു തന്നെ മതി — എന്റെ മക്കൾക്കെങ്കിലും ഒരു ഗ്രാമീണ ബാല്യവും കൗമാരവും ഉണ്ടാകുമല്ലോ!

രജിസ്ട്രേഷൻ സമയത്ത് ആ ഓഫീസർ ചോദിച്ചു, “എന്താ തലസ്ഥാനത്ത് നിന്നും ഇവിടെ വന്നു വീട് വാങ്ങിയത്, ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ ഇവിടെ?” ഞാൻ പറഞ്ഞു, “ഇല്ല, ‘മീശമാധവൻ’ പോലെയുള്ള മലയാളസിനിമകൾ കണ്ടപ്പോൾ ആഗ്രഹം തോന്നിയതാണ്”. അപ്പോൾ അയാൾ ചോദിച്ചു, “മീശമാധവൻ കള്ളൻ ആണെന്ന് അറിയാമല്ലോ അല്ലേ?”, എന്നിട്ട് ആ ബ്രോക്കറോട് പറഞ്ഞു, “ഇവർക്ക് കുറച്ചു പാടം കൂടി വാങ്ങി കൊടുക്കൂ, ഇവർ ആ കമ്പ്യൂട്ടർ ജോലിയൊക്കെ മതിയാക്കി ഇവിടെ വന്നു കൃഷി ചെയ്തു ജീവിക്കട്ടെ.”

ആ ഓഫീസിൽ നിന്നും രജിസ്ട്രേഷൻ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തോന്നിയത് സന്തോഷം മാത്രമായിരുന്നില്ല. വിശ്വസിക്കാൻ പറ്റാത്ത എന്തോ നടന്നതുപോലെ.

പക്ഷേ സ്വപ്നം യാഥാർത്ഥ്യമായപ്പോഴേക്കും തമിഴ്‌നാടിന്റെ തലസ്ഥാനത്തേക്ക് ചേക്കേറേണ്ടി വന്നു. പിന്നെ മക്കളുടെ കോളേജ് വിദ്യാഭ്യാസം, എന്റെ ഐ.ഐ.ടി.യിലെ ജോലി — അങ്ങനെ പണ്ടത്തേതിലും വേഗതയിലായി ജീവിതം. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം ഒറ്റപ്പാലത്ത് വന്നു പോകാനേ സാധിച്ചിരുന്നുള്ളൂ.

അതിനിടയിൽ തൊട്ടടുത്ത വീട്ടിലെ മാഷും ടീച്ചറും കുടുംബവുമായി നല്ല കൂട്ടായി. രാധാചേച്ചി എന്ന് വിളിച്ചു വിളിച്ച് നാട്ടുകാരുടെ ടീച്ചറിനെ ഞാൻ ‘രാച്ചി’ എന്നാക്കി. വരുമ്പോഴൊക്കെ അവിടെ നിന്നും ഉച്ചയൂണ് മാത്രമല്ല, രാത്രി ട്രെയിനിൽ കഴിക്കാനുള്ള ഭക്ഷണവും രാച്ചി സ്നേഹം കൊണ്ട് പൊതിഞ്ഞു തരുമായിരുന്നു.

പക്ഷേ തിരിച്ചു പോകുമ്പോൾ എന്റെ ഓടിട്ട വീട് എന്നോട് എന്തോ ചോദിക്കുന്നതുപോലെ എനിക്ക് തോന്നിയിരുന്നു.

ഒടുവിൽ വീടിന്റെ അറ്റകുറ്റപ്പണികളെല്ലാം തീർത്ത്, പാലുകാച്ചാനുള്ള ഭാഗ്യമുണ്ടായത് ഏകദേശം ഒന്നര വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. അപ്പോഴേക്കും 12 വർഷങ്ങൾ കടന്നുപോയിരുന്നു. ഒരു വ്യാഴവട്ടം — വ്യാഴത്തെപ്പോലെ ഞാനും സമയമെടുത്തു… ഒരു വട്ടം കറങ്ങി സ്വക്ഷേത്രത്തിൽ മടങ്ങിയെത്താൻ!

പക്ഷേ അപ്പോഴേക്കും എന്റെ രണ്ടു മക്കളുടെയും കല്യാണവും കഴിഞ്ഞിരുന്നു.

എന്റെ ഈ ഓടിട്ട വീടിന് ഞാൻ പേരിട്ടു; ‘വടക്കേപ്പാടം’. പാടത്തിന് തൊട്ടടുത്തായി കിണറും, കുളവും, തേന്മാവും, ചക്കരപ്ലാവുമൊക്കെയുള്ള എന്റെ വടക്കേപ്പാടം.

ഇനി എന്റെ കൊച്ചു മക്കൾക്ക് വേനലവധിക്ക് നാട്ടിൽ പോയ കഥകൾ കൂട്ടുകാരോട് പറയാം.

(തുടരും)

15Comments

Add yours
  1. 1
    Sakkir Hussain

    അതിരാണിപ്പാടത്തെ കഥകൾ തുടരട്ടെ . കാത്തിരിക്കുന്നു.

  2. 3
    Jayasree G

    ഇതാണ് ഒറ്റപ്പാലത്ത് വീടു വാങ്ങാനുള്ള background എന്നറിയി ല്ലായിരുന്നു.. നല്ല ഒഴുക്കുള്ള മലയാളത്തിൽ എഴുതി Mineetha.. വളരെ ഇഷ്ടപ്പെട്ടു.ഇനി മിനീദ കുട്ടി എന്നാക്കിയാലോ പേര്…. മാധവി കുട്ടി പോലെ..

  3. 5
    Deepa minood

    ഇതൊരു തുടക്കം മാത്രം!
    വളരെ ഹൃദ്യമായി തോന്നി വളരെ ഹൃദയസ്പക്കായി തോന്നി.
    എഴുത്തിനെക്കാട്ടും ഭംഗിയായി ഇരിക്കുന്ന അതിലെ പടം.
    ഒരു ആത്മകഥാംശം!! അടുത്തതിനായി കാത്തിരിക്കുന്നു 🙂

    • 6
      Mineetha Chandralekha

      ഈ നല്ല വാക്കുകൾക്കും പിന്തുണയ്ക്കും ഒത്തിരി നന്ദി! ❤️

  4. 9
    Ramesh

    വളരെ മികച്ച വിവരണം.പോസ്റ്റ് വായിച്ചപ്പോൾ പഴയ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തി. വളരെ മനോഹരമായി എഴുതിയിരിക്കുന്നു.

  5. 11
    Biju Surendran

    മലയാളത്തിലാണല്ലോ കുറച്ചുകൂടി തന്മയത്വം,
    ‘മിനീദ വടക്കേപ്പാടം’

  6. 13
    Gayathri Devi

    ലക്ഷ്യം അത്‌ സാക്ഷത്കരിയ്ക്കാൻ ഉള്ളതാണെന്ന് ഉറപ്പിയ്ക്കുന്ന എഴുത്ത്, മിനീദ ജീവിതത്തിന്റെ ഒഴുക്ക് എങ്ങോട്ടൊക്കെ വളഞ്ഞു പുളഞ്ഞ് ഒഴുകിയാലും മനസ്സിൽ ഉറച്ച ആഗ്രഹം അത്രയും ആത്മാർഥവും നിഷ്കളങ്കവും ആണെങ്കിൽ നമ്മളിലേയ്ക്ക് എത്തിയിരിയ്ക്കും… “വടക്കേപ്പാടം” മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും… ❤

  7. 15
    Anjana Sony A C

    Beautiful. Loved Chandrika soap. I must also find an Anjana soap as I too had a chandrikamma and Chandrika soap in my house.

+ Leave a Comment