വടക്കേപ്പാടം

എന്റെ വീടിന്റെ വടക്കുവശത്ത് കണ്ണെത്താദൂരത്ത് പാടമാണ്. അതുകൊണ്ടാണ് ഞാൻ ‘വടക്കേപ്പാടം’ എന്ന് പേരിട്ടത്.

വീടിന്റെ അകവും പുറവും തൂത്തും തുടച്ചും വൃത്തിയാക്കാൻ എന്നെ സഹായിക്കുന്ന ഭവാനിക്ക് എന്റെ പ്രായമോ അതിൽ കുറവോ ആയിരിക്കും. അവരുടെ കൊച്ചുമക്കളൊക്കെ ഹൈസ്കൂളിൽ പഠിക്കുന്നതിനാലും എനിക്ക് കൊച്ചുമക്കൾ ഇല്ലാത്തതിനാലും എന്നെ അവരേക്കാൾ പ്രായം കുറഞ്ഞ ഒരാളായിട്ടാണ് കരുതുന്നത്. ‘കുട്ടിയേ…’ എന്ന് നീട്ടി വിളിച്ചുകൊണ്ടാണ് ഭവാനി വീട്ടിലേക്ക് കയറി വരുന്നത്.

സ്കൂളിൽ പോകാൻ മടിയാണെന്ന് പറഞ്ഞപ്പോൾ ഭവാനിയെ വീട്ടുകാർ കല്യാണം കഴിപ്പിച്ചു വിട്ടത്രേ. എന്റെ കാര്യമാണെങ്കിൽ, റിസർച്ചിന് ചേരണം; അത് കഴിഞ്ഞിട്ട് മതി കല്യാണമെന്ന് പറഞ്ഞപ്പോൾ, ‘അതൊക്കെ കല്യാണം കഴിഞ്ഞിട്ടും ആകാമല്ലോ’ എന്നായിരുന്നു കുടുംബത്തിനകത്തും പുറത്തുമുള്ള വിവരമുള്ള സ്ത്രീകളുടെ അഭിപ്രായം.

കല്യാണം കഴിഞ്ഞിട്ട് 35 വർഷമാകാൻ പോകുന്നു. ഐ.ഐ.എസ്.സി-യിലെ (IISc) റിസർച്ച് പ്രോഗ്രാമിലേക്കുള്ള അപേക്ഷ കാണുമ്പോഴൊക്കെ ഇന്നും ഞാൻ ഒന്ന് നോക്കും… വെറുതെ.

എന്തായാലും നഷ്ടം ഐ.ഐ.എസ്.സി-ക്ക് തന്നെ!

‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നും വേണമെങ്കിൽ പറയാം.

ഭവാനി ഇടയ്ക്കിടെ ഓർമ്മയിൽ നിന്ന് ഓരോ കഥ പറയും. കഥ കേൾക്കാൻ എനിക്ക് പണ്ടും ഇപ്പോഴും ഇഷ്ടമാണ്. ഐതിഹ്യമാലയിലെ പോലത്തെ കഥകൾ.

ഒരു ദിവസം മുറ്റമടിക്കുന്നതിനിടയിലാണ് ഭവാനി പറഞ്ഞത്, ഇവിടെ അടുത്ത ഒരു അമ്പലത്തിലെ തേവർ അന്യമതസ്ഥരെ അടുത്തെങ്ങും സ്ഥലം വാങ്ങി വീട് വെക്കാൻ സമ്മതിക്കില്ലത്രേ.

“ദൈവങ്ങൾക്ക് മതമുണ്ടോ?” എന്ന് ഞാൻ ചോദിച്ചപ്പോൾ എന്തൊരു വിഡ്ഢി ചോദ്യം എന്ന ഭാവത്തിൽ അവർ എന്നെ ഒന്ന് നോക്കി. എന്നിട്ട് ചോദിച്ചു, “ടീച്ചർ ആയിരുന്നോ?”

ഞാൻ പറഞ്ഞു, “അല്ല, എന്താ അങ്ങനെ ചോദിച്ചത്?”

അപ്പോൾ അവർ മുറ്റമടിച്ചുകൊണ്ട് പറഞ്ഞു, “സാധാരണ ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും ആരും ചോദിക്കാറില്ല, അതുകൊണ്ടാ.”

അപ്പോഴേക്കും കുറച്ചു സ്ത്രീകൾ മുറ്റത്തേക്ക് കയറിവന്നു. മന്തുരോഗ പ്രതിരോധ മരുന്ന് തരാനായിട്ടാണെന്ന് പറഞ്ഞു. വിവരങ്ങൾ രേഖപ്പെടുത്താൻ രജിസ്റ്റർ തുറന്ന് അവർ ആദ്യം വീട്ടുപേരും പിന്നെ ഫോൺ നമ്പറും ചോദിച്ചു. പിന്നീട് വീട്ടിലെ പ്രധാനപ്പെട്ട ആളുടെ പേര് പറയാൻ പറഞ്ഞു. ഞാൻ എന്റെ പേര് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു, “നിങ്ങളുടെ അല്ല, നിങ്ങളുടെ ഭർത്താവിന്റെ പേര് പറയൂ.”

എനിക്ക് ആകെ സംശയമായി, ഇവിടുത്തെ പ്രധാനപ്പെട്ട ആൾ ഞാൻ തന്നെ അല്ലേ?

എന്റെ മുഖത്തെ ഭാവമാറ്റം കണ്ടിട്ടാകണം, ഭവാനി എന്നെ നോക്കി ചിരിച്ചു. എന്നിട്ട് ഉണങ്ങിയ ഇലകളൊക്കെ കൂട്ടി തീയിടുന്നതിനിടയിൽ അവരോട് പറഞ്ഞു, “തിരുവനന്തപുരത്തുനിന്നും വന്നവരാണേ…”

ഞാൻ ഇവിടെ അറിയപ്പെടുന്നത്, “തിരുവനന്തപുരത്തു നിന്നും വന്നവർ” എന്നാണ്. എന്നാൽ മനസ്സുകൊണ്ട് ഞാൻ പണ്ടേ ഇവിടെ തന്നെയായിരുന്നു എന്ന് അവർക്ക് അറിയില്ലല്ലോ!

അവർ പോയതിനു ശേഷം ഭവാനി മുറ്റത്തേക്ക് ചാഞ്ഞു നിൽക്കുന്ന മാവിന്റെ കൊമ്പ് നോക്കിയിട്ട് പറഞ്ഞു, ഈ കൊമ്പുകൾ വെട്ടിയില്ലെങ്കിൽ ഇലകൾ വീണു, വീണ്ടും വീണ്ടും അടിച്ചുവാരേണ്ടി വരുമെന്ന്. പക്ഷേ മരംവെട്ടുകാരൻ ചീരന്റെ കാല് പഴുത്ത് ആശുപത്രിയിലായതുകൊണ്ട് വേറെ ഒരാളോട് വരാൻ പറയാമെന്നും പറഞ്ഞു.

ചീരന് എന്തു പറ്റി എന്ന് ചോദിച്ചപ്പോൾ, മരത്തിന്റെ ശാപമാണത്രേ!

“അയ്യോ! മരം ശപിക്കുമോ? അപ്പോൾ മറ്റേയാളെയും ശപിക്കില്ലേ?” എന്ന് ചോദിച്ചപ്പോൾ കൊമ്പ് മാത്രം വെട്ടിയാൽ കുഴപ്പമില്ലെന്ന് ഭവാനി ഉറപ്പിച്ചു പറഞ്ഞു.

പക്ഷേ മരം എന്തുകൊണ്ട് ഗ്രാമത്തിലുള്ളവരെ മാത്രം ശപിക്കുന്നു? എനിക്ക് സംശയമായി.

പിറ്റേന്ന് തന്നെ കൊമ്പ് വെട്ടാൻ ഒരാളെത്തി. പേര് കൊച്ചൂട്ടി എന്നാണെന്നും ഭവാനി പറഞ്ഞിട്ട് വന്നതാണെന്നും പറഞ്ഞു.

അയാൾ പരിചമുട്ടുകളിക്കാരൻ ആയിരുന്നുവെന്ന് പറഞ്ഞു. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി പരിചമുട്ടുകളി അവതരിപ്പിക്കാൻ വന്നിട്ടുണ്ടത്രേ!

എന്റെ വീട് കനകക്കുന്നിന്റെ അടുത്താണോ എന്ന് അയാൾ ചോദിച്ചു. ഞാൻ ‘അതെ, കവടിയാർ’ എന്ന് പറഞ്ഞു.

“കവടിയാർ കൊട്ടാരത്തിന്റെ?” എന്നായി അടുത്ത സംശയം.

“പുറത്താണ്… അല്ല, അടുത്താണ്,” എന്ന് എനിക്ക് തിരുത്തേണ്ടി വന്നു.

കൊച്ചൂട്ടിക്ക് ഇപ്പോൾ അവശകലാകാരന്മാർക്ക് കിട്ടുന്ന പെൻഷൻ കിട്ടുന്നുണ്ടത്രേ. പക്ഷേ അയാളെ കണ്ടിട്ട് അവശനായിട്ടൊന്നും തോന്നുന്നില്ല.

അപ്പോൾ അവശത കലാകാരനാണോ, കലയ്ക്കാണോ? എനിക്ക് വീണ്ടും സംശയം.

ഇവിടെ പറമ്പിൽ നിറയെ മയിലുകളുണ്ട്. കൊച്ചൂട്ടി പറമ്പിലേക്ക് പോയപ്പോൾ ഒരു മയിൽ പേടിച്ച് ഓടിന്റെ മുകളിലേക്ക് പറന്ന് പോയി. പരിചമുട്ടുകളിക്കാരൻ ആണെന്ന് അറിയാവുന്നത് കൊണ്ടായിരിക്കുമോ?

മയിൽ പറക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നല്ല ഭംഗിയാണ് കാണാൻ! ചുമന്ന വാകപ്പൂക്കൾ തറയിൽ കൊഴിഞ്ഞു കിടക്കുന്നതിൽക്കൂടി മയിൽ നടന്നു പോകുന്നതും. അപ്പോഴേക്കും മഴ വന്നു. പക്ഷേ വെയിലും ഉണ്ട്. മഴയും വെയിലും ഒന്നിച്ചു വരുമ്പോൾ ‘കുറുക്കന്റെ കല്യാണം’ എന്ന് പണ്ട് — അല്ല, ഇപ്പോഴും പറയാറുണ്ട്.

പുറത്ത് ഉണക്കാനിട്ടിരുന്ന തുണികളും, രാവിലെ വടക്കു വശത്തെ തിണ്ണയിലിരുന്ന് വായിച്ചു തീർത്ത പുസ്തകവും എടുത്ത് ഞാൻ വീട്ടിനകത്തേക്ക് വേഗം കയറി. പിന്നെ വടക്കുവശത്തെ പാടത്തേക്ക് തുറക്കുന്ന ജനാലയ്ക്കരികിൽ ചെന്ന് പെയ്യുന്ന മഴയും നോക്കി അങ്ങനെ നിന്നു. അപ്പോൾ ഇവിടെ അടുത്ത് വായനശാല ഉള്ളതായി അടുത്ത വീട്ടിലെ രാച്ചി പറഞ്ഞത് ഓർമ്മയിൽ വന്നു. അന്ന് വൈകുന്നേരം പതിവുപോലെ രാച്ചിയോട് സംസാരിച്ചപ്പോൾ അങ്ങോട്ടേക്കുള്ള വഴിയും ചോദിച്ചു മനസ്സിലാക്കി.

അങ്ങനെ അടുത്ത ദിവസം ഞാൻ ഇവിടത്തെ വായനശാലയിൽ ആദ്യമായി പോയി. അതിന്റെ ചുമതലയുള്ള ആൾ രജിസ്റ്ററിൽ ചേർക്കാനായി എന്റെ പേരും മേൽവിലാസവും ചോദിച്ചു.

സാധാരണയായി എന്റെ പേര് കേട്ടാൽ ആളുകൾ ഒന്നുകിൽ ഒന്നുകൂടി ചോദിക്കും, അല്ലെങ്കിൽ എഴുതുമ്പോൾ, പ്രത്യേകിച്ച് മലയാളത്തിൽ, അക്ഷരം തെറ്റിക്കും. അതുകൊണ്ട് ഞാൻ എപ്പോഴും “ദയയുടെ ‘ദ’ ആണ്, തലയുടെ ‘ത’ അല്ല” എന്ന് എടുത്തു പറയാറുണ്ട്; ഇവിടെയും ഞാൻ അതാവർത്തിച്ചു.

അതുകേട്ട് അയാൾ എന്നെ ഒന്ന് നോക്കി. ത്യാഗത്തിന്റെ ‘ത’ എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്ന് എനിക്ക് അപ്പോൾ തോന്നി. പറഞ്ഞു പോയില്ലേ, ഇനിയിപ്പോൾ മുഖത്ത് ഭാവവ്യത്യാസമൊന്നും കാണിക്കാതെ നിൽക്കാം എന്ന് മനസ്സിൽ ഉറപ്പിച്ചതും അയാൾ ചോദിച്ചു, “നിങ്ങളുടെ സ്വന്തം സ്ഥലം എവിടെയാണ്?” എന്നിട്ട് രജിസ്റ്ററിൽ എന്റെ പേരെഴുതി.

ഞാൻ പറഞ്ഞു, “തിരുവനന്തപുരം.”

അപ്പോൾ അയാളുടെ അടുത്ത ചോദ്യം, “തിരുവനന്തപുരത്തിന്, ദയയുടെ ‘ദ’ ആണോ അതോ തലയുടെ ‘ത’ ആണോ?”

ആ ചോദ്യത്തിന്റെ പുറകിലെ വികാരം നന്നായി മനസ്സിലായതുകൊണ്ട് ഞാൻ പറഞ്ഞു, “അത് തലസ്ഥാനം ആയതുകൊണ്ട് തലയുടെ ‘ത’ ആയിരിക്കാം.”

അയാൾ തലയുയർത്തി വീണ്ടും എന്നെ നോക്കി, ഞാൻ എന്റെ വാച്ചിലേക്കും!

വായനശാലയിൽ നിന്നും എടുത്ത നാല് പുസ്തകങ്ങളുമായി തിരിച്ച് വീട്ടിൽ എത്തിയപ്പോഴേക്കും ഭവാനിയും വന്നു.

പിന്നീട് മുറ്റമടിച്ചിട്ട് തിണ്ണയിലിരിക്കുമ്പോൾ, അടുക്കളയിൽ ചായയിട്ടുകൊണ്ടിരുന്ന എന്നോട് അവർ ചോദിച്ചു: “കുട്ടിയേ… എന്തേ നമ്മുടെ നാട്ടുമ്പുറത്തിനോട് ഇത്രയൊരു ഇഷ്ടം തോന്നാൻ?”

ഞാൻ ഒന്നും പറഞ്ഞില്ല… വെറുതെ ചിരിച്ചതേയുള്ളൂ.

എല്ലാ ഇഷ്ടങ്ങൾക്കും കാരണങ്ങൾ ഉണ്ടാകുമോ? ചില ഇഷ്ടങ്ങൾക്ക് കാരണങ്ങൾ ഉണ്ടാകില്ല… ഇഷ്ടം, അത്ര തന്നെ!

പിന്നെ അവർ പറഞ്ഞു, “ഈ വീടിന്റെ പഴയ ഉടമസ്ഥർ ‘എഴുത്തച്ഛന്മാർ’ ആയിരുന്നു” എന്ന്.

അത് കേട്ടപ്പോൾ, “തുഞ്ചത്ത് എഴുത്തച്ഛൻ!” എന്ന് ഞാൻ ആവേശത്തോടെ ഉറക്കെ പറഞ്ഞു.

ഭവാനി തോളത്തിട്ടിരുന്ന തോർത്തുകൊണ്ട് മുഖത്തെ വിയർപ്പൊക്കെ തുടച്ചുകൊണ്ട് പറഞ്ഞു, “അങ്ങനെയൊന്നും ആരും ഇവിടെ ഉണ്ടായിരുന്നില്ല.”

ഞാൻ ചിരിച്ചുപോയി.

ഭവാനിക്ക് ചായ കൊടുത്തിട്ട് ഞാൻ പറഞ്ഞു, “മഹാഭാരതയുദ്ധം നേരിട്ട് കണ്ട ഒരു ഗന്ധർവനായിരുന്നു കഴിഞ്ഞ ജന്മത്തിൽ നമ്മുടെ എഴുത്തച്ഛൻ.”

അവർ ചായ ഗ്ലാസ് താഴെ വെച്ച് എന്നെ ഒന്ന് നോക്കി, എന്നിട്ട് ചോദിച്ചു, “ഗന്ധർവനോ? എന്റെ കുട്ടിയേ… എനിക്കിതിലൊന്നും ഒരു വിശ്വാസവുമില്ല. തിരുവനന്തപുരത്തൊക്കെ പഠിച്ചിട്ടും ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ?”

ഞാൻ പിന്നെയും ചിരിച്ചതേയുള്ളൂ.

നമ്മൾ പഠിക്കുന്നത് വിശ്വാസങ്ങളെ ഇല്ലാതാക്കാനാണോ? എനിക്ക് ആകെ സംശയമായി. ഞാൻ പഠിച്ചിട്ടുണ്ടോ എന്ന് ഭവാനിക്കും!

ഞാൻ ചായയുമെടുത്ത് തിണ്ണയിൽ വന്നിരുന്നു.

“ഭവാനി, എഴുത്തച്ഛന്റെ കിളിപ്പാട്ട് കേട്ടിട്ടില്ലേ?” എന്ന എന്റെ ചോദ്യം കേട്ടപ്പോൾ, പഴയതെന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നതുപോലെ അവർ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു, “കിളിയും പാട്ടും ഒന്നും ഇവിടെ ഇല്ലായിരുന്നു. ആയമ്മയ്ക്ക് കുറെ പശുക്കൾ ഉണ്ടായിരുന്നു. അത്രതന്നെ.”

എന്നിട്ട് വടക്കുപടിഞ്ഞാറോട്ട് കൈ ചൂണ്ടിയിട്ട് പറഞ്ഞു, “ദേ അവിടെയായിരുന്നു പശുത്തൊഴുത്ത്.”

പിന്നീട് എഴുന്നേറ്റ് ചായ കുടിച്ച ഗ്ലാസ് കഴുകാനായി കിണറ്റിൻകരയിലേക്ക് നടക്കുമ്പോൾ പറഞ്ഞു, “ഞാൻ പോയിട്ട് നാളെ വരാം.”

എഴുത്തച്ഛൻ ജനിച്ച ‘തുഞ്ചൻ പറമ്പ്’ ഇവിടെ അടുത്താണ്, വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ മതി. അടുത്ത ആഴ്ച ഭവാനിയേയും കൂട്ടി അങ്ങോട്ട് ഒന്ന് പോയാലോ എന്ന് ഞാൻ ആലോചിച്ചു.

മുറ്റത്തെ മാവിൻ ചോട്ടിൽ എത്തിയപ്പോൾ, അവർ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു: “വാതിൽ അടച്ചോളൂ, കൊതുക് കയറും.” ഞാൻ തലയാട്ടി.

ഭവാനി പോകുന്നത് നോക്കി ഞാൻ നിന്നു. അപ്പോൾ ആരോ ഒരാൾ പശുവുമായി വഴിയിലൂടെ പോകുന്നുണ്ടായിരുന്നു. അവർ അയാളോട് എന്തോ സംസാരിച്ചു. അയാൾ ആരാണെന്ന് നാളെ വരുമ്പോൾ ചോദിക്കാം.

ഒരു പശുക്കുട്ടിയെ വളർത്തണമെന്ന എപ്പോഴോ തോന്നിയ മോഹം മനസ്സിൽ പൊങ്ങി വന്നു. വീട്ടുകാരോടും സുഹൃത്തുക്കളോടും ആ ആഗ്രഹം ഞാൻ പറയുമ്പോഴൊക്കെ അവർ ചിരിച്ചിട്ട് ചോദിക്കും, “ഈ പ്രായത്തിൽ ഇതൊക്കെ വേണോ” എന്ന്.

പക്ഷേ സ്വപ്നങ്ങൾക്കും ഇഷ്ടങ്ങൾക്കും പ്രായമുണ്ടോ?

എന്തായാലും ഈ ജന്മത്തിൽ എല്ലാ ഇഷ്ടങ്ങളും നടത്താനുള്ള സാവകാശം കാലം തരണമെന്നില്ല. പക്ഷേ അതിയായി ആഗ്രഹിച്ചാൽ, ഈ ജന്മത്തിൽ നടന്നില്ലെങ്കിലും അടുത്ത ജന്മത്തിൽ ഗുരുവായൂരപ്പൻ അത് നടത്തിത്തരും എന്ന് അമ്മൂമ്മ പണ്ട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കാത്തിരിക്കാം… ഇഷ്ടങ്ങൾ ഇനിയും ഏറെ ബാക്കിയുണ്ട്!

ഇനിയൊരു ജന്മം ഉണ്ടെങ്കിൽ (ഉണ്ടാകും) ഗ്രാമത്തിൽ ജനിക്കണം. പക്ഷേ അപ്പോൾ ഗ്രാമങ്ങൾ ഉണ്ടാകുമോ? ഈ പാടവും, പുഴയും, കുളവും, തോടും ഒക്കെ നമ്മൾ കുട്ടികൾക്ക് സ്വർഗ്ഗത്തെപ്പറ്റി പറഞ്ഞുകൊടുക്കുമ്പോൾ മാത്രം ഓർത്തെടുക്കുന്ന ഒന്നായിരിക്കുമോ… ഇപ്പോൾ നമ്മൾ ഐരാവതത്തെപ്പറ്റി പറയുന്നതുപോലെ?

3Comments

Add yours
  1. 2
    Manju Gopinath

    Your words beautifully brought the village to life. The way you described the lush green paddy fields and the peaceful atmosphere of Kerala made me feel like I was walking through the countryside myself. Your writing captures the beauty and simplicity of village life so well. Wonderful work thank you for sharing such a description. Mineetha, I love reading your writings. Great work and God bless you

  2. 3
    Deepa Minood

    തല്ലുകൊള്ളി, അഹങ്കാരി, തറുതല പറയുന്നവൾ, ഇതായിരുന്നു ആദ്യത്തെ തോന്നല്. പിന്നീട് ഒന്നും കൂടെ ഞാൻ വായിച്ചപ്പോൾ അത് ശരിക്കും നമ്മുടെ ഉള്ളിലും തോന്നുന്ന അല്ലെങ്കിൽ തോന്നാം എന്ന് ഉള്ള പോലത്തെ ഒരു ചോദ്യവും ഉത്തരവും ആയിരുന്നു. ഓരോ ചോദ്യത്തിനും സമൂഹം കൽപ്പിക്കുന്ന ഒരു കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായിട്ട് വളരെ ആത്മാർത്ഥമായി ഉള്ളിൽ തോന്നുന്ന വികാരങ്ങളെ പുറത്ത് പറയാണ്ട് സ്വയം ചോദിച്ച് ഒതുങ്ങുന്ന എഴുത്തുകാരി….. ❤️❤️❤️

+ Leave a Comment